എസ്.ഹരികിഷോര്‍ ഐ.എ.എസ്
കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറുക എന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതലമുറ വ്യഗ്രത കാണിക്കുന്നു. തീരുമാനങ്ങള്‍ ഏടുക്കാനും എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും ഇതുകാരണം നാം വിമുഖത കാണിക്കുന്നു.
ഉദാഹരണമായി, പത്രപ്രവര്‍ത്തകനാവാന്‍ താത്പര്യമുള്ള ഒരു വിദ്യാര്‍ഥിയോട് കൂട്ടുകാരും, രക്ഷിതാക്കളും സമൂഹവുമൊക്കെ പറയുന്നത്. ‘സര്‍ക്കാര്‍ ജോലിയാണ് നല്ലത്; അതാണ് സുരക്ഷിതം. ഒരു ഗവണ്‍മെന്റ് ജോലി നേടിയതിനുശേഷം താത്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തനം നടത്താമല്ലോ’ എന്നൊക്കെ ആയിരിക്കാം. ഈ ഉപദേശം സ്വീകരിച്ച് എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയെഴുതുന്ന ‘ജേണലിസ്റ്റ്’ തന്റെ താത്പര്യങ്ങളോട് തീരെ യോജിക്കാത്ത തൊഴില്‍മേഖലയില്‍ എത്തിച്ചേരുന്നു!
സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ചിലപ്പോള്‍ ജോലിനേടാന്‍ വൈകിയേക്കാം. സ്വന്തം ആഗ്രഹവും ഇഷ്ടവും പിന്തുടരുന്നതിനാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടു എന്നും തന്റെ തീരുമാനങ്ങള്‍ അപ്രായോഗികമാണ് എന്നും ഉള്ള ചിന്തവരാം. ആരുടെയും പ്രോത്സാഹനമോ പ്രചോദനമോ കിട്ടാതെയും പോവാം. എന്നാല്‍ ക്ഷമയോടെ ഉറച്ചുനിന്നാല്‍ വിജയം നേടാന്‍ സാധിക്കും എന്നുറപ്പാണ്.
എന്റെ ഒരു ബാച്ച്‌മേറ്റിന്റെ കഥനോക്കുക. 8-ാം തരം കഴിഞ്ഞയുടനെതന്നെ ഐ.എ.എസ്. എന്ന സ്വപ്‌നം സ്വയം ഏറ്റെടുത്ത ഇദ്ദേഹം 12-ാം തരം കഴിഞ്ഞയുടനെ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്കായി ജോലിക്കുചേര്‍ന്നു. കിട്ടുന്ന വരുമാനമുപയോഗിച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങി. ഇത് അദ്ദേഹം സ്വയം എടുത്ത തീരുമാനമായിരുന്നു. ഒരു കോളേജിന്റെ പടിപോലും കയറാതെ, ബിരുദം അടിസ്ഥാനയോഗ്യതയായി ഉള്ള ഒരു പരീക്ഷ പാസ്സാവാം എന്ന തീരുമാനം. ‘എന്റെ തീരുമാനം വിജയിപ്പിക്കാനുള്ള ഉത്സാഹം എനിക്കുണ്ടാവുമല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ പഠിച്ചു. ആദ്യചാന്‍സില്‍ തന്നെ ഐ.എ.എസ്. നേടി’ – സുഹൃത്ത് അഭിമാനത്തോടെ പറയുന്നു. അഞ്ചുവര്‍ഷം ടിക്കറ്റ് ക്ലര്‍ക്കായി ജോലിചെയ്യുന്നതിനിടയില്‍ തപാല്‍ വഴി ബിരുദം നേടിയ ശേഷമാണ് ഇദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വിജയിക്കുന്നത്. ഉത്തരവാദിത്വബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയം. ഈ സ്വാഭാവഗുണമാണ് കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മളില്‍ പലരും പ്രകടിപ്പിക്കാത്തത്.
റിസ്‌ക് എടുക്കുക
കിട്ടിയ ജോലിയില്‍ സംതൃപ്തിനേടി ജീവിതവും കരിയറും സന്തോഷപ്രദമാക്കുക എന്ന ചിന്താഗതി ഇന്ന് പലരിലും ഉണ്ട്, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പൊതുവേ തയ്യാറാവുന്നില്ല എന്നതാണ് കരിയര്‍ തിരഞ്ഞെടുപ്പില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വരുത്തുന്ന മറ്റൊരു പ്രധാന തെറ്റ്.
ഡോക്ടറാവണമെന്ന അതിയായ ആഗ്രഹമുള്ള ഒരു കുട്ടിക്ക് പ്രവേശനപ്പരീക്ഷ വിജയിച്ച് മെഡിസിന് സീറ്റുവാങ്ങാന്‍ സാധിച്ചില്ല എന്നു കരുതൂ. ഈ കുട്ടിയുടെ മുന്‍പില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് മെഡിസിന് പ്രവേശനം ലഭിക്കാന്‍വേണ്ടി ഒരു തവണകൂടി കോച്ചിങ്ങിനുപോവുക. രണ്ട്, മറ്റേതെങ്കിലും കോഴ്‌സിനുചേരുക.
ഒരു തവണകൂടി എന്‍ട്രന്‍സിനുവേണ്ടി പഠിക്കുന്നത് റിസ്‌ക് ആണ്, പതിനായിരത്തോളം പേര്‍ ‘റിപ്പീറ്റ്’ ചെയ്യുന്നുണ്ട്. കൂടാതെ പതിനായിരത്തോളം പേര്‍ പുതിയതായി വരികയും ചെയ്യും. ഇവരോട് മത്സരിച്ച് ആദ്യ 600 റാങ്കിനുള്ളില്‍ നേടാന്‍ സാധിക്കില്ല എന്നു കരുതി ഡോക്ടറാവണമെന്ന ആഗ്രഹം മാറ്റിവെക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായേക്കാം. എന്നാല്‍ ജീവിതകാലം മുഴുവനും ഈ ‘റിസ്‌ക്’ എടുക്കേണ്ട എന്നു തീരുമാനിച്ചത് നമ്മെ വേട്ടയാടും എന്ന് നാം മനസ്സിലാക്കുന്നില്ല.
വിദ്യാര്‍ഥികള്‍ അവരവരുടെ ഇഷ്ടത്തിനും അഭിരുചിക്കുമിണങ്ങിയ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ‘റിസ്‌ക്’ എടുക്കാതെ പിറകോട്ടുപോകുന്നത് പരാജയഭീതിയോ ആത്മവിശ്വാസത്തിന്റെ കുറവോ കൊണ്ടാവാം. ‘റിസ്‌ക്’ എടുത്തശേഷം പരാജയപ്പെട്ടാല്‍ അതില്‍ വിഷമമുണ്ടാകില്ല. ശ്രമിച്ചിട്ടില്ല എന്ന കുറ്റബോധവും ‘ആ രീതിയില്‍ തീരുമാനിക്കാമായിരുന്നു’ എന്ന ചിന്തയില്‍ നിന്നുത്ഭവിക്കുന്ന ആത്മനിന്ദയും അവിടെ ഉണ്ടാവില്ല. അതിനാല്‍ കരിയര്‍ തിരഞ്ഞെടുക്കുന്ന എല്ലാവരും ചെറിയ റിസ്‌ക് എടുത്തേതീരൂ – ‘നമ്മള്‍ എടുക്കുന്ന റിസ്‌കുകളായിരിക്കും നമ്മള്‍ എപ്പോഴും ഓര്‍മിക്കുക’
മാര്‍ഗനിര്‍ദേശത്തിന്റെ അഭാവം
കഴിഞ്ഞ മാസം ഞാന്‍ 8,9,10 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘ഐ.എ.എസ് ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുത്തു.’ മിടുക്കന്മാരും മിടുക്കികളുമായ 50 ഓളം കുട്ടികള്‍ ഈ ക്യാമ്പില്‍ വന്നിരുന്നു.
8,9,10 ക്ലാസ്സുകളിലെ കുട്ടികളോട് സിവില്‍സര്‍വീസ് പരീക്ഷയെപറ്റി എന്തു പറയാന്‍ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായി. ”12-ാംതരം വരെ നല്ലവണ്ണം പഠിക്കുക. ദിവസേന പത്രം വായിച്ച് ക്രമേണ, അനുകൂലമായ വായനയിലൂടെ ഓരോ വിഷയത്തെക്കുറിച്ചും സ്വന്തം അഭിപ്രായം രൂപവത്കരിക്കുക. ഡിഗ്രി പഠനസമയത്ത് സിവില്‍സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങുക” – ഇത്ര മാത്രമേ എനിക്ക് പറയാനൂള്ളൂ. ഒന്നര മണിക്കൂര്‍ നേരമാണ് ക്ലാസ്സെടുക്കേണ്ടത്. അതിനാല്‍ കുട്ടികള്‍ ഓരോരുത്തരോടും ‘നിങ്ങളുടെ ആഗ്രഹമെന്താണ്?’ ‘എന്തുകൊണ്ടാണ് ഈ ആഗ്രഹം ജീവിതലക്ഷ്യമായി മാറിയത്?’ എന്നീ ചോദ്യങ്ങള്‍ ആരായാന്‍ തീരുമാനിച്ചു.
‘ഐ.എ.എസ്, ഐ.പി.എസ്സാണ് എന്റെ ലക്ഷ്യം’ എന്ന് ഭൂരിപക്ഷവും പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആറു പേര്‍ ഒഴികെ ആര്‍ക്കും ഐ.എ.എസ്. ആവേണ്ട. ”പിന്നെയെന്തിന് ഐ.എ.എസ്. മാര്‍ഗനിര്‍ദേശക്യാമ്പില്‍ പങ്കെടുക്കാന്‍ വന്ന് മൂന്നു ദിവസം കളയുന്നു?” എന്നു ചോദിച്ചപ്പോള്‍ ”എന്തെങ്കിലും ജനറല്‍ നോളജ് കിട്ടുമെന്ന് കരുതിയാണ് വന്നത്” എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും മറുപടി! ബഹിരാകാശയാത്രികനും കലാകാരനും അഡ്വക്കേറ്റും ഗവേഷകയുമൊക്കെയാവാന്‍ തീരുമാനിച്ചവരാണ് ഇവരില്‍ പലരും. ഈ ക്യാമ്പിന്റെ ആവശ്യമില്ലാത്തവര്‍ ഇപ്രകാരം കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിലും മറ്റു വഴികളിലൂടെ നടന്നുനോക്കാനുള്ള ആഗ്രഹം മാര്‍ഗനിര്‍ദേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കുറവുകൊണ്ടുതന്നെയാണ് വരുന്നത്. കരിയര്‍ മേഖല തിരഞ്ഞെടുത്ത് മനസ്സില്‍ ഉറപ്പിച്ചാലും ഇതുപോലെ പാതതെറ്റി സഞ്ചരിക്കുന്നത് നമ്മുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം.
കഠിനാധ്വാനം കുറവ്
കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിലെ കരിയര്‍ വിന്‍ഡൊ. എങ്കിലും കരിയര്‍ മേഖല കണ്ടെത്തിയാല്‍ ആ മേഖലയില്‍ ജോലിസമ്പാദിക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ എന്നതിനാല്‍ കഠിനാധ്വാനത്തിന്റെ അഭാവം കരിയര്‍ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും എന്നുതന്നെ പറയാം.
നല്ലൊരു പൊതുമേഖലാ സ്ഥാപനത്തില്‍ എഞ്ചിനിയറായി ജോലി നേടണമെന്ന് ആഗ്രഹമുള്ള ഒരു കുട്ടിയുടെ മുന്നില്‍ ധാരാളം അവസര ങ്ങള്‍ ഉണ്ട്. ചഠജഇ, ആജഇഘ, ചജഇഘ, കടഞഛ, ഉഞഉഛ തുടങ്ങിയ ധാരാളം സ്ഥാപനങ്ങള്‍ എഞ്ചിനിയര്‍മാരെ ഉയര്‍ന്ന ജോലികളിലേക്ക് തിരഞ്ഞെടുക്കുന്നു. ഈ ആഗ്രഹവുമായി മത്സരപ്പരീക്ഷ എഴുതാന്‍ പോയാല്‍ നല്ല തയ്യാറെടുപ്പില്ല എങ്കില്‍ കരിയര്‍ മേഖലതന്നെ മാറ്റേണ്ടതായി വരും. കാരണം, കരിയര്‍ മേഖല തിരഞ്ഞെടുത്തുവെന്നല്ലാതെ മത്സരപ്പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടില്ല എന്നതുതന്നെ.
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്ന കുട്ടികള്‍ പഠനത്തിന്റെ രണ്ടാമത്തെ വര്‍ഷമാകുമ്പോഴേക്കും ഇത്തരം മത്സരപ്പരീക്ഷകള്‍ക്കായി പഠിച്ചുതുടങ്ങാം. മൂന്നു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പിന്‍ബലവുമായി വരുന്നവര്‍ എഴുതുന്ന പരീക്ഷയില്‍ വിജയം നേടാന്‍ അത്രയും കാലത്തെ അധ്വാനംതന്നെ വേണ്ടിവന്നേക്കാം.
അതിനാല്‍ കരിയര്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍, അവിടെ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗനിര്‍ദേശവും ലക്ഷ്യത്തിലെത്തുന്നതുവരെ ആത്മാര്‍ഥമായി അധ്വാനിച്ച് ലക്ഷ്യം നേടിയെടുക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും വേണം.
മനസ്സിനിണങ്ങിയ ജോലി ലക്ഷ്യമിടുക
നമ്മുടെ ‘കരിയര്‍’ മേഖല എന്നാല്‍ വെറുമൊരു ജോലിയോ ശമ്പളം കിട്ടാനുള്ള മാര്‍ഗമോ മാത്രമല്ല. അതുകൊണ്ട് മനസ്സിനിണങ്ങിയ ജോലിയായിരിക്കണം ഓരോരുത്തരും ലക്ഷ്യമിടേണ്ടത്. മനസ്സിനിണങ്ങിയ ജോലി ചെയ്താല്‍ വരുമാനവും സാമൂഹിക അംഗീകാരവും നേടാന്‍ സാധിക്കില്ല എന്ന ചിന്ത കാരണം പലരും ഇഷ്ടമുള്ള മേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ മടികാണിക്കുന്നു. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ തെറ്റു വരുത്താതിരിക്കാന്‍ ശ്രമിക്കണം.
ഇന്ന് ഏതു ജോലി ചെയ്താലും താരതമ്യേന നല്ല ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറിവരികയാണ്. എല്ലാ മേഖലകളിലും അവസരങ്ങളുണ്ട്. താത്പര്യമുള്ള മേഖലയിലാണെങ്കില്‍ മാത്രമേ മനസ്സറിഞ്ഞ് ജോലിചെയ്യാനും അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാനും സാധിക്കൂ.
”when work is a pleasure, life is joy” എന്നാണ് പഴമൊഴി. ഇഷ്ടമുള്ള മേഖലയിലെ തൊഴില്‍, അത് എന്തുമാവട്ടെ, പൂര്‍ണമായ ഇഷ്ടത്തോടെ തിരഞ്ഞെടുത്തതാണെങ്കില്‍ ഉയര്‍ച്ച ഉണ്ടാവും.
ജീവിതത്തില്‍ പെട്ടെന്ന് ‘സെറ്റില്‍’ ചെയ്യണമെന്ന ആഗ്രഹവും കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കാരണമായേക്കാം. ക്ഷമയോടെ കഠിനാധ്വാനം ചെയ്ത് മനസ്സിനിണങ്ങിയ മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്നത് സമയമെടുക്കും എന്നും പെട്ടെന്ന് സെറ്റില്‍ ചെയ്ത് ജീവിതം നല്ല സാമ്പത്തിക അടിത്തറയോടെ മുന്നോട്ടു കൊണ്ടുപോകണം എന്നുമുള്ള ചിന്ത മാറേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.
സ്വന്തം മനസ്സിന്റെ ആഗ്രഹവും മനസ്സില്‍ കണ്ട കരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മാര്‍ഥമായ ആവേശവുമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. കഠിനാധ്വാനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.