പഠനത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാവരുടെയും മുന്നില്‍ ഉയര്‍ന്നു വരുന്ന ഒന്നാണ് ഇനിയെന്ത് എന്ന ചോദ്യം. ഒരാളുടെ ജീവിതത്തിന്റെ ദിശ തിരിച്ചു വിടുന്ന ഒന്നാണ് അയാള്‍ തിരഞ്ഞെടുക്കുന്ന കരിയര്‍. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടെ, ആലോചിച്ച് സ്വന്തം കഴിവുകളെയും താൽപര്യങ്ങളെയും സൂക്ഷ്മായി വിലയിരുത്തി തിരഞ്ഞെടുക്കേണ്ടതാണ് ഓരോരുത്തരുടെയും കരിയര്‍.
എന്നാല്‍ പലര്‍ക്കും ഇതില്‍ തെറ്റു പറ്റാറുണ്ട്. അറിവില്ലായ്മ മൂലമോ യാഥാർഥ്യവുമായി ബന്ധമില്ലാത്ത സ്വപ്‌നങ്ങള്‍ മൂലമോ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമ്മർദ്ദം മൂലമോ ഒക്കെ തെറ്റായ തീരുമാനങ്ങള്‍ എടുക്കാം. അത് ജീവിതം തന്നെ തകിടം മറിച്ചേക്കാം. കരിയര്‍ സംബന്ധിച്ച തീരുമാനം സ്വയം എടുക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഇവിടെയാണ് ഒരു കരിയര്‍ കൗണ്‍സിലറുടെ പ്രസക്തി.
ലളിതമായി പറഞ്ഞാല്‍, ഒരു വ്യക്തിയുടെ താൽപര്യങ്ങളും കഴിവുകളും അഭിരുചികളും വ്യക്തിത്വത്തിലെ പ്രത്യേകതകളും വിലയിരുത്തി അവര്‍ക്കു ചേരുന്ന കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നവരാണു കരിയര്‍ കൗണ്‍സിലര്‍മാര്‍. കൃത്യ സമയത്തു ലഭിക്കുന്ന കരിയര്‍ ഉപദേശങ്ങള്‍ വിജയത്തിലേക്കുള്ള ഏണിപ്പടികളാണെങ്കില്‍, ഈ ഏണി കൃത്യമായി ചാരി വച്ചു കൊടുക്കുന്നവരാണു കരിയര്‍ കൗണ്‍സിലര്‍മാര്‍.
ഇന്റര്‍വ്യൂ, കൗണ്‍സിലിങ് സെഷനുകള്‍, അഭിരുചി പരീക്ഷകള്‍ എന്നിവയിലൂടെയാണ് കരിയര്‍ കൗണ്‍സിലര്‍ വ്യക്തിയെ വിലയിരുത്തുന്നത്. ഇത്തരത്തില്‍ വിലയിരുത്തിയ ശേഷം അവര്‍ക്കു യോജിക്കുന്ന കരിയറും അതുമായി ബന്ധപ്പെട്ടു പഠിക്കേണ്ട കോഴ്‌സുകളും പ്രമുഖ കോളജുകളും അവിടുത്തെ പ്രവേശന പ്രക്രിയയുമെല്ലാം വിശദീകരിക്കും. പഠനം കഴിഞ്ഞവരാണെങ്കില്‍, പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട ജോലികളും അതിനു വേണ്ടി എഴുതേണ്ട പരീക്ഷകളും വളര്‍ത്തേണ്ട നൈപുണ്യങ്ങളുമെല്ലാം പറഞ്ഞുകൊടുക്കും. ജോലി സംബന്ധമായ തിരച്ചിലുകള്‍ക്കു മാത്രമായി സേവനം നല്‍കുന്ന കരിയര്‍ കൗണ്‍സിലര്‍മാരുമുണ്ട്.